ഐഡിയ പൂച്ചകുട്ടിയുടെതാണ് . ശരി അങ്ങനെയെങ്കില്‍ അങ്ങനെ . ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു പോകാമെന്ന് തീരുമാനമായി . എനിക്കറിയാം എങ്ങോട്ട് എന്നല്ലേ നിങ്ങള്‍ വിചാരിച്ചത് ? പറയാമെന്നെ!
പുതു വയ്പ് ബീച് കാണാന്‍ പോകുന്ന കാര്യമാണ് പറഞ്ഞു വരുന്നത് . മുന്‍പ് പോയ ഒരാളെ ചാക്കിട്ടു പിടിച്ചു . അവളാണ് വഴി പറഞ്ഞു തന്നത് .ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തുക . അവിടുന്ന് പറവൂര്‍ ബസ് പിടിക്കുക .പുതു വയ്പ്പ് ടിക്കറ്റ് എടുക്കുക . സ്റ്റോപ്പില്‍ ഇറങ്ങുക .ഒരു ഓട്ടോ റിക്ഷ പിടിക്കുക ബീച്ച് എന്ന് പറയുക .ഇതായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ മാപ് . ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ മൂന്നു സുന്ദരികള്‍ .പൂച്ചക്കുട്ടി , ഉണ്ണിമോള്‍ പിന്നെ വാവയും . ഹോസ്റ്റലില്‍ ബോറടിച്ചു ഇരുന്നപ്പോള്‍ പൂച്ചക്കുട്ട്യാണ് ഈ ഐഡിയയുമായി വന്നത് . പിന്നെ ഒട്ടും താമസിച്ചില്ല .രണ്ടു മണിക്ക് ഇറങ്ങണം എന്ന് പറഞ്ഞാണ് മെസ്സ് ഹാളില്‍ നിന്ന് മൂമ്ന്നു പേരും പിരിഞ്ഞത് . എന്നിട്ട് ഒരുങ്ങി ഇറങ്ങിയപ്പോള്‍ 3 .30 .
താമസിച്ചതിനു മറ്റു രണ്ടുപേരും കുറ്റം പറഞ്ഞത് പാവം വാവയെ.
ഇവളെന്തിനാ ഇത്രയും ഒരുങ്ങുന്നെ ഇവടെ പെണ്ണ് കാണലോന്നും ഇല്ലല്ലോ . എന്ന് ഞാന്‍ ആത്മഗതം പറഞ്ഞു. നേരത്തെ പറഞ്ഞ റൂട്ട് മാപ്പിന്‍ പ്രകാരം ഞങ്ങള്‍ ബീച്ചിലെത്തി .
ദൂരെ നിന്ന് കടല്‍ കണ്ടപ്പോള്‍ തന്നെ എന്റെ യുള്ളില്‍ മറ്റൊരു കടല്‍ ഇളകി മറിഞ്ഞു .വളരെ ശാന്തമായ കടല്‍ . തിരമാലകള്‍ മനപ്പുര്‍വ്വം ശാന്തമായി ഇരിക്കുന്നപോലെ . വൃത്തിയുള്ള മണല്‍ പരപ്പ് . പേരിനു രണ്ടു മൂന്നു വള്ളങ്ങള്‍ കരയില്‍ ഇരിപ്പുണ്ട് .കടലില്‍ അങ്ങിങ്ങായി ഒഴുകി നടക്കുന്ന ബോട്ട്ടുകള്‍ .
ഒന്നോ രണ്ടോ പേര്‍ അങ്ങിങ്ങായി നില്‍പ്പുണ്ട് . എന്നതൊഴിച്ചാല്‍ സ്വസ്ഥം! ശാന്തം ! കൂട്ടുകാര്‍ രണ്ടു പേരും എന്തൊക്കെയോ പറയുന്നുണ്ട് . ഞാനൊന്നും കേള്‍ക്കുന്നില്ല . അതോ ......
എനിക്കറിയാം ഞാന്‍ വന്നത് ആ കടലിന്റെ അടിത്തട്ടില്‍ നിന്നാണ് . അവിടെ എന്റെ കൊട്ടാരം ഉണ്ട്. മുത്തു ചിപ്പികളും പവിഴങ്ങളും കൊണ്ടുണ്ടാക്കിയ കൊട്ടാരം . അവിടെ എന്ത് രസമായിരുന്നു . ദുഖമെയില്ല . സന്തോഷം മാത്രം . ഇപ്പോഴും കളിചിരികള്‍ . ഒരിക്കല്‍ വലിയ തിരമാലകളില്‍ പെട്ട് ഈ കരയില്‍ ഞാന്‍ വന്നുപെട്ടത് ഇപ്പോഴുമോര്‍ക്കുന്നു. ഈശ്വര ! ദേ എന്റെ തോണി വെളുത്ത നിറത്തില്‍ അങ്ങ് ചക്രവാളത്തില്‍ . ഞാന്‍ പോവാ !!!